നമ്മുടെ ആകെയുള്ള സ്വത്തായിരുന്നു ആ കമ്പിളിപ്പുതപ്പ്. മഴക്കാലം വന്നാല്‍ ഇനി നമുക്കെവിടെയാണൊരു രക്ഷ? അത് നീ എന്തിന് അവന് കൊടുത്തു? അയാളെന്നോട് സംഗീതത്തെക്കുറിച്ച് സംസാരിച്ചു. ആ സ്ത്രീ പുഞ്ചിരിയോടെ പറഞ്ഞു. തന്റെ ഏകസ്വത്തായ കമ്പിളിപ്പുതപ്പ് ചെറുപ്പക്കാരന് സമ്മാനിച്ച അറുമുഖത്തിന്റെ ഭാര്യയുടെ പ്രവൃത്തി നിങ്ങള്‍ എങ്ങനെ നോക്കിക്കാണുന്നു?
എന്റെ അഭിപ്രായത്തില്‍ ഏറ്റവും ഉത്തമമായ ഒരു പ്രവൃത്തിയാണ് ആ സ്ത്രീ ചെയ്തിരിക്കുന്നത്. കാരണം തന്റെ ഭര്‍ത്താവില്‍ നിന്നു ലഭിക്കാത്ത ബഹുമാനവും സ്നേഹവുമാണ് ആ യുവാവ് അവര്‍ക്കു നല്‍കിയത്. കേവലം ഭക്ഷണം മാത്രമാണ് ജീവിതമെന്ന് വിചാരിക്കുന്ന ആളാണ് ഇതിലെ 'അറുമുഖന്‍' എന്ന കഥാപാത്രം.
എന്നാല്‍ ഭക്ഷണം മാത്രമല്ല അംഗീകാരം ലഭിക്കുന്ന ഒരു മനസ്സുകൂടി സ്ത്രീകള്‍ക്കുണ്ട് എന്ന് അയാള്‍ മനസ്സിലാക്കുന്നില്ല. അവരുടെ കഴിവുകള്‍ മനസ്സിലാക്കാനോ അവ പുറത്തെടുക്കാനോ അറുമുഖന്‍ ഭാര്യയ്ക്ക് പ്രോത്സാഹനം നല്കുന്നില്ല. എന്നാല്‍ സൗമ്യമായി സംസാരിക്കുന്ന ആ യുവാവിന് സ്ത്രീയുടെ മനസ്സില്‍ സന്തോഷം പകരാന്‍ സാധിക്കുന്നു. സ്ത്രീയ്ക്ക് തനിക്ക് ഇതുവരെ ലഭിക്കാതിരുന്ന അംഗീകാരം ആ യുവാവില്‍ നിന്നു കിട്ടുന്നു. ആദ്യ മാത്ര കാണുമ്പോള്‍ തന്നെ ആ യുവാവ് അവരെ 'ഗൃഹലക്ഷ്മി' എന്നാണ് സംബോദന ചെയ്തത്. 'പ്രകാശം പരത്തുന്ന ആണ്‍കുട്ടി'യായി മാറുകയാണ് ആ യുവാവ്. സ്ത്രീയ്ക്ക് തോന്നുന്നത് തന്റെ ജീവിതത്തില്‍ ഇതുവരെ കടന്നുവരാത്ത പ്രകാശത്തിന്റെ ഒരിത്തിരി പൊന്‍വെട്ടം നല്‍കാന്‍ ആ യുവാവിന് കഴിഞ്ഞു. അതുമാത്രമല്ല, തനിക്ക് ഏറെ ഇഷ്ടപ്പെട്ട സംഗീതത്തെപ്പറ്റിയും അയാള്‍ സംസാരിച്ചു എന്നതിനാലാണ് അവള്‍ അയാള്‍ക്ക് ആ പുതപ്പ് സമ്മാനിച്ചത്. അതിലും വിലയേറിയ ഒന്നും അവളുടെ പക്കല്‍ ഇല്ലായിരുന്നു. “ എന്റെ അയല്‍വക്കത്ത് ഒരു ഭാഗവതരായിരുന്നു താമസിച്ചിരുന്നത് രാവിലെ ഞാന്‍ പാട്ടുകേട്ടുകൊണ്ടാണ് ഉറക്കത്തില്‍ നിന്നും എഴുന്നേറ്റിരുന്നത്.” എന്ന ആ സ്ത്രീയുടെ വാക്കുകളില്‍ നിന്ന് സംഗീതത്തിന്റെ മാധുര്യം അവള്‍ എത്രമാത്രം ഇഷ്ടപ്പെട്ടിരുന്നു എന്നു വ്യക്തം.
അതിനാലാണ് തന്റെ എല്ലാമെല്ലാമായ പുതപ്പ് ആ യുവാവിന് നല്‍കിയത്. അതിന് അവള്‍ നല്‍കുന്ന വിശദീകരണം യുക്തിപൂര്‍വ്വമാണ് എന്നാണ് എനിയ്ക്ക് തോന്നുന്നത്. അംഗീകാരം കൊതിക്കുന്ന ഏതൊരു സ്ത്രീ മനസ്സും യുവാവിന്റെ വാക്കുകളെ ഇഷ്ടപ്പെട്ടുപോകും. കനലെരിയുന്ന അവളുടെ ജീവിതത്തില്‍ ഇത്തിരി തേന്‍മഴ പെയ്യിക്കാന്‍ ആ യുവാവിന് കഴിഞ്ഞു. അതിനാല്‍ അയാളും ആ കാര്യത്തില്‍ കൃതാര്‍ത്ഥനാണ്.
പക്ഷേ അവളുടെ മനസ്സിന് സുഖം നല്‍കുന്ന കാര്യങ്ങള്‍ അറുമുഖന്‍ എപ്പോഴെങ്കിലും ചെയ്തിരുന്നുവെങ്കില്‍ അയാളുടെ തകര്‍ച്ചയില്‍ നിന്നും ഉയര്‍ന്നെഴുന്നേല്‍ക്കാന്‍ അവള്‍ ചെറുതായെങ്കിലും പരിശ്രമിച്ചേനെ. എന്നാല്‍ അറുമുഖന് ഈ സംഭാഷണങ്ങളെല്ലാം മുഷിപ്പനായാണ് തോന്നിയത്. അതിനാല്‍ തന്നെ ആ സ്ത്രീയ്ക്ക് അറുമുഖനേക്കാള്‍ പ്രിയപ്പെട്ടത് ആ യുവാവ് തന്നെയായിരുന്നിരിക്കും. അത്രമാത്രം ആ യുവാവിന്റെ സാന്നിധ്യം അവളില്‍ സ്വാധീനം ചെലുത്തി.
കേവലം അടുക്കളയില്‍ ഒതുങ്ങിപ്പോകേണ്ടവളല്ല സ്ത്രീ. അവര്‍ക്ക് അവരുടേതായ ചിന്തകളും വ്യക്തിത്വവും കാണും. അതു മനസ്സിലാക്കുന്ന പുരുഷന്മാരെ ലഭിക്കാത്തതാണ് അവരുടെ ജീവിതത്തിന്റെ പരാജയവും.
ആതിര 10 C