Tuesday, 22 November 2011

മാധവിക്കുട്ടിയുടെ 'കടലിന്റെ വക്കത്ത് ഒരു വീട് '
 നമ്മുടെ ആകെയുള്ള സ്വത്തായിരുന്നു ആ കമ്പിളിപ്പുതപ്പ്. മഴക്കാലം വന്നാല്‍ ഇനി നമുക്കെവിടെയാണൊരു രക്ഷ? അത് നീ എന്തിന് അവന് കൊടുത്തു? അയാളെന്നോട് സംഗീതത്തെക്കുറിച്ച് സംസാരിച്ചു. ആ സ്ത്രീ പുഞ്ചിരിയോടെ പറഞ്ഞു. തന്റെ ഏകസ്വത്തായ കമ്പിളിപ്പുതപ്പ് ചെറുപ്പക്കാരന് സമ്മാനിച്ച അറുമുഖത്തിന്റെ ഭാര്യയുടെ പ്രവൃത്തി നിങ്ങള്‍ എങ്ങനെ നോക്കിക്കാണുന്നു?
 എന്റെ അഭിപ്രായത്തില്‍ ഏറ്റവും ഉത്തമമായ ഒരു പ്രവൃത്തിയാണ് ആ സ്ത്രീ ചെയ്തിരിക്കുന്നത്. കാരണം തന്റെ ഭര്‍ത്താവില്‍ നിന്നു ലഭിക്കാത്ത ബഹുമാനവും സ്നേഹവുമാണ് ആ യുവാവ് അവര്‍ക്കു നല്‍കിയത്. കേവലം ഭക്ഷണം മാത്രമാണ് ജീവിതമെന്ന് വിചാരിക്കുന്ന ആളാണ് ഇതിലെ 'അറുമുഖന്‍' എന്ന കഥാപാത്രം.
എന്നാല്‍ ഭക്ഷണം മാത്രമല്ല അംഗീകാരം ലഭിക്കുന്ന ഒരു മനസ്സുകൂടി സ്ത്രീകള്‍ക്കുണ്ട് എന്ന് അയാള്‍ മനസ്സിലാക്കുന്നില്ല. അവരുടെ കഴിവുകള്‍ മനസ്സിലാക്കാനോ അവ പുറത്തെടുക്കാനോ അറുമുഖന്‍ ഭാര്യയ്ക്ക് പ്രോത്സാഹനം നല്കുന്നില്ല. എന്നാല്‍ സൗമ്യമായി സംസാരിക്കുന്ന ആ യുവാവിന് സ്ത്രീയുടെ മനസ്സില്‍ സന്തോഷം പകരാന്‍ സാധിക്കുന്നു. സ്ത്രീയ്ക്ക് തനിക്ക് ഇതുവരെ ലഭിക്കാതിരുന്ന അംഗീകാരം ആ യുവാവില്‍ നിന്നു കിട്ടുന്നു. ആദ്യ മാത്ര കാണുമ്പോള്‍ തന്നെ ആ യുവാവ് അവരെ 'ഗൃഹലക്ഷ്മി' എന്നാണ് സംബോദന ചെയ്തത്. 'പ്രകാശം പരത്തുന്ന ആണ്‍കുട്ടി'യായി മാറുകയാണ് ആ യുവാവ്. സ്ത്രീയ്ക്ക് തോന്നുന്നത് തന്റെ ജീവിതത്തില്‍ ഇതുവരെ കടന്നുവരാത്ത പ്രകാശത്തിന്റെ ഒരിത്തിരി പൊന്‍വെട്ടം നല്‍കാന്‍ ആ യുവാവിന് കഴിഞ്ഞു. അതുമാത്രമല്ല, തനിക്ക് ഏറെ ഇഷ്ടപ്പെട്ട സംഗീതത്തെപ്പറ്റിയും അയാള്‍ സംസാരിച്ചു എന്നതിനാലാണ് അവള്‍ അയാള്‍ക്ക് ആ പുതപ്പ് സമ്മാനിച്ചത്. അതിലും വിലയേറിയ ഒന്നും അവളുടെ പക്കല്‍ ഇല്ലായിരുന്നു. “ എന്റെ അയല്‍വക്കത്ത് ഒരു ഭാഗവതരായിരുന്നു താമസിച്ചിരുന്നത് രാവിലെ ഞാന്‍ പാട്ടുകേട്ടുകൊണ്ടാണ് ഉറക്കത്തില്‍ നിന്നും എഴുന്നേറ്റിരുന്നത്.” എന്ന ആ സ്ത്രീയുടെ വാക്കുകളില്‍ നിന്ന് സംഗീതത്തിന്റെ മാധുര്യം അവള്‍ എത്രമാത്രം ഇഷ്ടപ്പെട്ടിരുന്നു എന്നു വ്യക്തം.
അതിനാലാണ് തന്റെ എല്ലാമെല്ലാമായ പുതപ്പ് ആ യുവാവിന് നല്‍കിയത്. അതിന് അവള്‍ നല്‍കുന്ന വിശദീകരണം യുക്തിപൂര്‍വ്വമാണ് എന്നാണ് എനിയ്ക്ക് തോന്നുന്നത്. അംഗീകാരം കൊതിക്കുന്ന ഏതൊരു സ്ത്രീ മനസ്സും യുവാവിന്റെ വാക്കുകളെ ഇഷ്ടപ്പെട്ടുപോകും. കനലെരിയുന്ന അവളുടെ ജീവിതത്തില്‍ ഇത്തിരി തേന്‍മഴ പെയ്യിക്കാന്‍ ആ യുവാവിന് കഴിഞ്ഞു. അതിനാല്‍ അയാളും ആ കാര്യത്തില്‍ കൃതാര്‍ത്ഥനാണ്.
പക്ഷേ അവളുടെ മനസ്സിന് സുഖം നല്‍കുന്ന കാര്യങ്ങള്‍ അറുമുഖന്‍ എപ്പോഴെങ്കിലും ചെയ്തിരുന്നുവെങ്കില്‍ അയാളുടെ തകര്‍ച്ചയില്‍ നിന്നും ഉയര്‍ന്നെഴുന്നേല്‍ക്കാന്‍ അവള്‍ ചെറുതായെങ്കിലും പരിശ്രമിച്ചേനെ. എന്നാല്‍ അറുമുഖന് ഈ സംഭാഷണങ്ങളെല്ലാം മുഷിപ്പനായാണ് തോന്നിയത്. അതിനാല്‍ തന്നെ ആ സ്ത്രീയ്ക്ക് അറുമുഖനേക്കാള്‍ പ്രിയപ്പെട്ടത് ആ യുവാവ് തന്നെയായിരുന്നിരിക്കും. അത്രമാത്രം ആ യുവാവിന്റെ സാന്നിധ്യം അവളില്‍ സ്വാധീനം ചെലുത്തി.
കേവലം അടുക്കളയില്‍ ഒതുങ്ങിപ്പോകേണ്ടവളല്ല സ്ത്രീ. അവര്‍ക്ക് അവരുടേതായ ചിന്തകളും വ്യക്തിത്വവും കാണും. അതു മനസ്സിലാക്കുന്ന പുരുഷന്മാരെ ലഭിക്കാത്തതാണ് അവരുടെ ജീവിതത്തിന്റെ പരാജയവും.
                                       ആതിര 10 C

Saturday, 19 November 2011

വരകളുടെ വിസ്മയങ്ങളുമായി വീണ്ടും ആനിമേഷന്‍ ക്ലാസ്സ്


19-11-2011 ാം തിയതി ശനിയാഴ്ച്ച ഞങ്ങളുടെ സ്കൂളില്‍ വച്ച് വീണ്ടും ആനിമേഷന്‍ ക്ലാസ്സ് തുടങ്ങി . ഞങ്ങളുടെ സ്കൂളിലെ 22ഓളം കുട്ടികളെ ഉള്‍പ്പെടുത്തി നടത്തിയ ക്ലാസ്സില്‍ ഞങ്ങളുടെ സ്കൂളിലെ തന്നെ കുട്ടി ആനിമേറ്റര്‍മാരായ അജയ്, ഷിഹാസ്, പ്രമോദ്, അനിക്കുട്ടന്‍, മുഹമ്മദ് സഹദ് എന്നിവരാണ് ക്ലാസ്സെടുത്തത്. കുട്ടികള്‍ വളരെ സന്തോഷത്തോടെയാണ് പങ്കെടുത്തത്. IT @ School ല്‍ നിന്നുമുള്ള മൊഡ്യൂള്‍ CD കള്‍ ഉപയോഗിച്ചാണ് ക്ലാസ്സുകള്‍ നടത്തിയത് . നാലു ദിവസത്തെ മൊഡ്യൂളനുസരിച്ചാണ് ക്ലാസ്സുകള്‍ നടത്തുന്നത്.

Wednesday, 16 November 2011

ഐ.റ്റി സബ് ജില്ലാ മേളയില്‍ ഞങ്ങള്‍.....


ഈ വര്‍ഷത്തെ സബ് ജില്ലാ .റ്റി മേളയില്‍ UP വിഭാഗം
Overall Trophy ഞങ്ങള്‍ക്ക് . Hsവിഭാഗം രണ്ടാം സ്ഥാനവും ലഭിച്ചു.
ഞങ്ങളുടെ അഭിമാന താരങ്ങള്‍.
UP വിഭാഗം
.റ്റി ക്വിസ്- നിര്‍മല്‍ചന്ദ്.-1st
മലയാളം ടൈപ്പിംഗ്- അനന്ദു B റാം.-1st
ഡിജിറ്റല്‍ പെയിന്റിംഗ്- അഭിരാം S അമ്പാടി.-3rd
HS വിഭാഗം
.റ്റി ക്വിസ്- അജയ്.V.S-2nd
മലയാളം ടൈപ്പിംഗ്- അജയ്.V.S-2nd
ഡിജിറ്റല്‍ പെയിന്റിംഗ്-മുഹമ്മദ് സഹദ്-1st
വെബ് പേജ് നിര്‍മാണം-പ്രമോദ്.R-2nd
പ്രസന്റേഷന്‍-അനുക്കുട്ടന്‍-3rd

Wednesday, 2 November 2011

രസതന്ത്ര വണ്ടി വന്നപ്പോള്‍
2011 രസതന്ത്ര വര്‍ഷത്തോടനുബന്ധിച്ച് ഞങ്ങളുടെ സ്കൂളിലും ശാസ്ത്ര സാഹിത്യപരിഷത്തിന്റെ രസതന്ത്രവണ്ടി വന്നു. ഒരു കൂട്ടം ശാസ്ത്ര വിദ്യാര്‍ത്ഥികളും അനേകം ശാസ്ത്രപരീക്ഷണങ്ങളുമായാണ്
രസതന്ത്രവണ്ടി വന്നത്. ഫിനോള്‍ഫ്തലിന്‍ ഉപയോഗിച്ച് ഒരു പേപ്പറില്‍ '2011 രസതന്ത്രവര്‍ഷം' എന്നെഴുതിക്കൊണ്ടുള്ള ഒരു പരീക്ഷണത്തോടെയാണ് അവരുടെ മാജിക്കുകള്‍ ആരംഭിച്ചത്. പൂവിന്റെ നിറം മാറ്റല്‍, വിവിധ നിറത്തിലുള്ള രാസവസ്തുക്കള്‍ ഉപയോഗിച്ച് വസ്തുക്കളുടെ നിറം മാറ്റുക എന്നിവയെല്ലാമായിരുന്നു അവരുടെ പരീക്ഷണങ്ങള്‍. 2011 രസതന്ത്രവര്‍ഷം ആഘോഷിക്കാനുള്ള പ്രധാന കാരണം മാഡം ക്യൂറിയാണ്. മാഡം ക്യൂറിയ്ക്ക് രസതന്ത്രത്തിനുള്ള നോബല്‍ സമ്മാനം ലഭിച്ചതിന്റെ 100ാം വര്‍ഷമാണിത്. ഈ വിഷയത്തെ അടിസ്ഥാനമാക്കി മാഡം ക്യൂറിയുടെ ജീവചരിത്രം അവര്‍ നാടകമായി അവതരിപ്പിച്ചു. വളരെ രസകരവും അതിശയിപ്പിക്കുന്നതുമായിരുന്നു അവര്‍ അവതരിപ്പിച്ച പരിപാടികള്‍. ഏകദേശം ഒന്നര മണിക്കൂറോളം അവര്‍ നമുക്കുവേണ്ടി പരിപാടികള്‍ അവതരിപ്പിച്ചു.