Friday 29 April 2022

സൈബര്‍ലോകത്തെ സുരക്ഷിതജീവിതം

 സൈബര്‍ലോകത്തെ സുരക്ഷിതജീവിതം എന്നതില്‍  തെരഞ്ഞെടുക്കപ്പെട്ട ലിറ്റില്‍കൈറ്റ്സ് അംഗങ്ങളായ അലീന പി ആര്‍,സുഹാന ഫാത്തിമ,അഭിനന്ദ് ബി എച്ച്,ആഷ്‍ലിരാജ് എന്നിവര്‍ എട്ട് ഒന്‍പത് ക്ലാസുകളിലെ ലിറ്റില്‍കൈറ്റ്സ് അംഗങ്ങള്‍ക്ക് ഇന്ന് ബോധവല്‍കരണക്ലാസ്നടത്തി.സ്മാര്‍ട്ട് ഫോണ്‍,ഇന്റര്‍നെറ്റ്,ഇന്റര്‍നെറ്റിന്റെ സുരക്ഷിത ഉപയോഗം എന്ന വിഷയത്തില്‍ അലീന പി ആര്‍,മൊബൈല്‍ഫോണ്‍ ഉപയോഗം-സുരക്ഷയൊരുക്കാന്‍ പാസ്‍വേഡുകള്‍ എന്ന സെഷന്‍ സുഹാനഫാത്തിമയും,വാര്‍ത്തകളുടെ കാണാലോകം-തിരിച്ചറിയണം,നെല്ലും പതിരും എന്ന സെഷന്‍ ആഷ്‍ലീരാജും,ഇന്റര്‍നെറ്റിലെ ചതിക്കുഴികള്‍ എന്ന സെഷന്‍ അഭിനന്ദ് ബി എച്ചും കൈകാര്യം ചെയ്തു.ഇനിയവര്‍ രക്ഷകര്‍ത്താക്കള്‍ക്ക് ബോധവല്‍കരണം നല്‍കും.സൈബര്‍ലോകത്തില്‍ തങ്ങള്‍ നേരിടുന്ന പ്രയാസങ്ങള്‍ പങ്കുവയ്ക്കുന്നതിനും പരിഹാരം തേടുന്നതിനും സഹായ മനസ്ഥിതിയും അറിവുമുള്ള,പരസ്പരം മനസിലാക്കുന്ന ഇടങ്ങള്‍ സ്കൂളിലും,വീട്ടിലും,പൊതുസമൂഹത്തിലും രൂപപ്പെട്ട് വരിക എന്നത് ഈ പരിശീലനത്തിന്റെ മറ്റൊരു ലക്ഷ്യമാണ്.സ്കൂള്‍തലത്തില്‍ ലഭ്യമായ വിദഗ്ധരുടെ ഒരു ഫോറം സൈബര്‍ സഹായത്തിനായി നിര്‍മിക്കണം.
ക്ലാസില്‍ പങ്കെടുത്ത ലിറ്റില്‍കൈറ്റ്സ് അംഗങ്ങള്‍ അവര്‍ക്ക് ക്ലാസ് നന്നായി പ്രയോജനപ്പെട്ടുവെന്ന് പറഞ്ഞു.മാത്രമല്ല കൂട്ടുകാരുടെ ക്ലാസുകളെ പ്രശംസിക്കാനും അവര്‍ മറന്നില്ല .രക്ഷകര്‍ത്താക്കള്‍ക്കുള്ള ബോധവല്‍കരണപരിപാടിയാണടുത്തത്.







 

Friday 22 April 2022

തൊട്ടറിഞ്ഞത്

 

ഞങ്ങള്‍ക്കു പറയാനുള്ളത്

വായനയിലും എഴുത്തിലും പിന്നാക്കം നില്‍ക്കുന്ന കുട്ടികള്‍ക്കായി ഐ റ്റി ലാബും ലൈബ്രറിയും പ്രയോജനപ്പെടുത്തിക്കൊണ്ട് പത്തു ദിവസത്തെ ഒരു പ്രോജക്ട് ചെയ്യാന്‍ പരീക്ഷയ്ക്കു മുന്നേ ഞങ്ങള്‍ തീരുമാനിച്ചു.കുട്ടികള്‍ക്ക് രസകരമായി ഇടപെടാന്‍ സാധിക്കുന്ന രീതിയിലുള്ള പ്രവര്‍ത്തനങ്ങളാണ് ഞങ്ങളതിനായി തെരഞ്ഞെടുത്തത്.ഒരു വിഷയത്തെ കുറിച്ചു സംസാരിക്കുക,അത് അവര്‍ക്കു കഴിയുന്നപോലെയെഴുതുക ശേഷം ലാപ്പിലത് ടൈപ്പ് ചെയ്യുക.(മലയാളം ഇന്‍സ്ക്രിപ്റ്റ്) സഹായത്തിനായി ഓരോകുട്ടിയോടൊപ്പവും ഒരു ലിറ്റില്‍കൈറ്റ് ഉണ്ടാകണമെന്നത് നിര്‍ബന്ധമായിരുന്നു.ഓരോ ലാപ്പിനു സമീപവും ഞങ്ങള്‍ മലയാളം ഇന്സ്ക്രിപ്റ്റ് കീബോര്‍ഡ് ലേഔട്ട് പ്രിന്റൗട്ട് പതിച്ചിരുന്നു.അതില്‍ നോക്കി അക്ഷരങ്ങള്‍ കൃത്യമായി മനസിലാക്കി അവര്‍ ടൈപ്പ് ചെയ്തു.തുടക്കത്തില്‍ ഞങ്ങള്‍ കൊടുത്ത സഹായം പിന്നീട് വേണ്ടിവന്നില്ല.ഉച്ചഭക്ഷണത്തിനു ശേഷം അവരെയും കൂട്ടി ഞങ്ങള്‍ ലൈബ്രറിയിലേക്കാണ് പോകുന്നത്.അവര്‍ക്കിഷ്ടമുള്ള പുസ്തകവുമായി ഞങ്ങളോരോരുത്തരേയും കുട്ടി ടീച്ചര്‍മാരായി തെരഞ്ഞെടുത്ത് അവര്‍ വായിക്കാനൊരുങ്ങും.അക്ഷരം കൂട്ടിവായിക്കാന്‍ ഞങ്ങള്‍ പരിശീലിപ്പിച്ചു.ടൈപ്പിംഗ് പഠിപ്പിക്കുന്നതിനേക്കാള്‍ ബുദ്ധിമുട്ടായിരുന്നു വായിപ്പിക്കാന്‍. "എനിക്ക് വായിക്കാനും എഴുതാനും അറിഞ്ഞുകൂട"എന്നു പറഞ്ഞ് കരഞ്ഞ കുട്ടിയും ഉണ്ടായിരുന്നു.അക്ഷരങ്ങളുടെ ഉച്ചാരണമാണ് അവന്റെ പ്രശ്നം.ചിഹ്നങ്ങള്‍ ചേര്‍ത്തു വായിക്കാന്‍ പ്രയാസമുള്ളവരുമുണ്ട്. ഒരു കൂട്ടം കുട്ടികൾ മാത്രം അക്ഷരമൊന്നും നന്നായി പഠിക്കാതെ പോകുന്നതിന് കാരണം അവരുടെ കൂടെയിരുന്ന് പറഞ്ഞുകൊടുക്കാനാരും ഇല്ലാത്തതാണ്.ഈ കുട്ടികളിൽ കൂടുതൽ പേരും മടിയുള്ളവരാണ്.എന്നാൽ കൂടെനിന്ന് അവർക്ക് പറഞ്ഞുകൊടുക്കുമ്പോഴാണ് അവർ പതിയെ പതിയെ മെച്ചപ്പെട്ടുവരുന്നത്.വായിച്ച പുസ്തകങ്ങളെ കുറിച്ച് എഴുതാനുള്ള പ്രവര്‍ത്തനവും ചെയ്യിച്ചു.ചിലര്‍പുസ്തകത്തിലെ വരികളാണെഴുതിയത്.അവരെഴുതിയതെല്ലാം അവര്‍ ടൈപ്പ് ചെയ്യുകയും ചെയ്തു.ഇതിനിടയില് അവര്‍ പറയുന്ന കാര്യങ്ങള്‍ ഒഡാസിറ്റിയില്‍ റെക്കോര്‍ഡ് ചെയ്ത് കേള്‍പിക്കാനും ഞങ്ങള്‍ക്കു സാധിച്ചു.

ഓരോ ദിവസവും ഹൃദയസ്പര്‍ശിയായ ഷോര്‍ട്ഫിലുമുകള്‍ അവരെ കാണിക്കാറുണ്ടായിരുന്നു.സത്യജിത് റേയുടെ TWO, അഞ്ചു രൂപ എന്ന അതീവ ഹൃദ്യമായ തമിഴ് കുഞ്ഞു സിനിമ, അകിര കുറസോവയുടെ പീച്ച് ഓര്‍ച്ചാഡ്, മൂന്ന് ചെറിയ അനിമേഷന്‍ സിനിമകള്‍, മനസിനെ ആര്‍ദ്രമാക്കുന്ന ചെറു വീഡിയോകള്‍ തുടങ്ങിയവൊക്കെ പ്രദര്‍ശിപ്പിച്ചതിനു ശേഷം ആ ഫിലിമിനെ കുറിച്ച് അവരെക്കൊണ്ട് സംസാരിപ്പിക്കുകയും ശേഷം അവര്‍ക്കു കഴിയുന്ന പോലെ എഴുതാനും നിര്‍ദ്ദേശിച്ചിരുന്നു.അവര്‍ വളരെ കുറച്ചു മാത്രമേ എഴുതിയിരുന്നുള്ളു.എഴുത്തില്‍ വളരെയധികം തെറ്റുകളുണ്ടായിരുന്നു.ശേഷം അതു ടൈപ്പ് ചെയ്യുമ്പോള്‍ ആ തെറ്റുകള്‍ കുറേയെങ്കിലും മനസിലാക്കിയിരുന്നു.

ഓരോ ദിവസത്തേയും ഡോക്യമെന്റേഷന്‍ അവരില്‍നിന്നൊരാള്‍ അവതരിപ്പിച്ചിരുന്നു.അവര്‍തന്നെ അതു ടൈപ്പു ചെയ്യുകയും ചെയ്തു .ക്ലാസില്‍ എങ്ങനെയാണ് ഇവർ പുറകിലോട്ടായത് എന്ന് ഞങ്ങള്‍ക്ക് മനസ്സിലായി. ബാക്ക്ബെഞ്ചിൽ നിന്ന് കൂട്ടുകാരോട് സംസാരിച്ചും കളിച്ചും ചിരിച്ചും ശ്രദ്ധ മാറുകയും, ആ ശ്രദ്ധകുറവ് അവരിൽ മടിയായി മാറുകയും ചെയ്യുന്നു. അങ്ങനെയാണവർ ഉഴപ്പന്മാരായി മാറുന്നത്.ഈയൊരു പ്രോജക്ടിൽ അവ‍‍ർക്ക് പ്രത്യേക പരിഗണനയും ശ്രദ്ധയും നൽകുന്നതുകൊണ്ട് അവരുടെ മാറ്റം അവർക്ക് തന്നെ തിരിച്ചറിയാൻ കഴിയുന്നു. ടൈപ്പിംഗ് എന്ന പ്രവർത്തനത്തിലൂടെ ഓരോ കുട്ടിക്കും തന്റേതായ അക്ഷരത്തെറ്റുകളെ വിലയിരുത്തി താനെ തിരിച്ചറിയാൻ കഴിയും അതുമാത്രമല്ല, ഭാവിയിലവർക്ക് പ്രയോജനപ്പെടുകയും ചെയ്യും. ആദ്യത്തെ ദിവസം വായിക്കാനും എഴുതാനും സംസാരിക്കാനും പിറകിലായിരുന്ന കുട്ടികളാണ് ഇവർ.ആശയം മനസ്സിലുണ്ട് എന്നാൽ അതിനെ ഉറക്കെ പറയാനാണവർക്ക് പ്രയാസം. ഈ പരിപാടി കഴിയുന്നതോടെ ഒട്ടും അക്ഷരം അറിഞ്ഞുകൂടാത്ത പല കുട്ടികൾക്കുംഅത്യാവശ്യം നന്നായിവായിക്കാനുംഎഴുതാനുംപഠിച്ചിട്ടുണ്ടാവും.അതുപോലെ കുറച്ചെങ്കിലും വായിക്കാനും എഴുതാനും അറിയാമെന്നുള്ളവർക്ക് കുറച്ചുകൂടി അത് മെച്ചപ്പെടുത്താനും സാധിച്ചിട്ടുണ്ടാവും.പക്ഷേ ഈ പത്തു ദിവസം തികയില്ല അവരെ പൂര്‍ണമായി പഠിപ്പച്ചെടുക്കാന്‍ ഇനിയും ദിവസങ്ങള്‍ വേണ്ടിവരുംഅവര്‍ ടൈപ്പു ചെയ്തതെല്ലാം ചേര്‍ത്താണ് ഞങ്ങളീ ഡിജിറ്റല്‍ പതിപ്പ് തയ്യാറാക്കിയത്..ആരു ചോദിച്ചാലും ഞങ്ങള്‍ പറയും Littlekitesന്റെ കഠിന പ്രയത്നം കൊണ്ടാണ് ഇൗ സംരംഭത്തെ ഇത്രയെങ്കിലും വിജയിപ്പിക്കാൻ കഴി‍ഞ്ഞതെന്ന്.

  ഡിജിറ്റല്‍ പതിപ്പ്

സ്കൂള്‍ ലിറ്റില്‍കൈറ്റ്സ് ബാച്ച് -2021-23,2022-24 ഗവ എച്ച് എസ് കരിപ്പൂര്





























 

Tuesday 5 April 2022

ശലഭോദ്യാനം ഉദ്ഘാടനം





 


 
 
വിദ്യാഭ്യാസ സറ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ശ്രീമതി പി വസന്തകുമാരി ഉദ്ഘാടനം ചെയ്തു.
 

അക്ഷരം..വാക്ക്...വാക്യം


 
വായന എഴുത്ത് മലയാളം ടൈപ്പിംഗ് എന്നരീതിയില്‍ എഴുത്തിലും വായനയിലും പിന്നാക്കം നില്‍ക്കുന്ന കുട്ടികള്‍ക്ക്  പത്തു ദിവസത്തെ ക്യാമ്പ് അപ്രില്‍ നാലിന് ആരംഭിച്ചു.സ്കൂള്‍ ലിറ്റില്‍കൈറ്റ്സ് ആണ് സംഘാടകര്‍.കുഞ്ഞു സിനിമകള്‍ കണ്ടും,പുസ്തകം വായിച്ചും ,അതിനെ കുറിച്ചു പറഞ്ഞും എഴുതിയും ടൈപ്പു ചെയ്തും ഇത്തരം കുട്ടികളില്‍ ഗുണപരമായ മാറ്റം കൊണ്ടുവരാനാണ് ഉദ്ദേശ്യം


Saturday 2 April 2022

പൈതണ്‍ ഇലക്ട്രോണിക്സ് ക്ലാസ്

 ഒന്‍പതാംക്ലാസിന്റെ ലിറഅറഇല്‍കൈറ്റ്സിന് ഇലക്ട്രോണിക്സ് ക്ലാസെടുത്തത് കരിപ്പൂര് സ്കൂളിന്റെ പൂര്‍വലിറ്റല്‍കൈറ്റ് ആയ അല്‍ അമീനായിരുന്നു.






ഷാരോണ്‍ ജെ സതീഷ് ഇന്ത്യബുക്ക് ഓഫ് റെക്കോര്‍ഡ്സില്‍.

 പത്തടി നീളവും പത്തടി വീതിയിലും ഗണിതരൂപം വരച്ച് ഷാരോണ്‍ ജെ സതീഷ്  ഇന്ത്യബുക്ക് ഓഫ് റെക്കോര്‍ഡ്സില്‍.
കരിപ്പൂര് ഗവ ഹൈസ്കൂളിലെ ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥിയായ ഷാരോണ്‍ ജെ സതീഷ് ഗണിതരൂപം വരച്ച് ഇന്ത്യാബുക്ക് ഓഫ് റെക്കോര്‍ഡ്സില്‍ ഇടം നേടി.പത്തടി നീളവും പത്തടി വീതിയിലും മുപ്പതു ദിവസത്തെ കഠിനാധ്വാനം കൊണ്ട് ഷാരോണ്‍ വരച്ച ഗണിതരൂപമാണ് ഇതിനര്‍ഹമായത്.ചെറിയ ക്ലാസില്‍ പഠിക്കുമ്പോള്‍ത്തന്നെ ഷാരോണ്‍ ഗണിതവരയില്‍ ശ്രദ്ധിച്ചിരുന്നു.കണക്കളവുകള്‍ തെറ്റാതെയുള്ള വരകള്‍ അന്നേ ശ്രദ്ധ നേടിയിരുന്നു.ENT MATHS CHANNEL ന്റെ ഓണക്കാല ഗണിതപ്പൂക്കള മത്സരത്തിലും സംസ്ഥാനതലത്തില്‍ ഒന്നാമതെത്തിയിരുന്നു.ചിത്രരചനയിലും ജില്ലാതലമത്സരങ്ങളില്‍ സമ്മാനം നേടിയിട്ടുണ്ട്.സ്കൂളിലെ പരിപാടികളില്‍ സംബന്ധിക്കാന്‍ വരുന്ന വ്യക്തികള്‍ക്ക് ഷാരോണ്‍ താന്‍ വരച്ച ഛായാചിത്രങ്ങള്‍ സമ്മാനിക്കാറുണ്ട്.പരിമിതമായ  ജീവിതസാഹചര്യങ്ങളില്‍ നിന്നുകൊണ്ട് കഠിനപ്രയത്നംകൊണ്ട് ഷാരോണ്‍ വരച്ച ചിത്രം കണ്ട് കേരളത്തിന്റെ ഭക്ഷ്യവകുപ്പ് മന്ത്രി ജി ആര്‍ അനില്‍ , വലിയമല LPSC ഡയറക്ടര്‍ ഡോ.വി നാരായണന്‍ എന്നിവര്‍ പ്രശംസിച്ചിരുന്നു.രക്ഷകര്‍ത്താക്കളും ,സ്കൂളിലെ അധ്യാപകരും നല്ല പ്രോത്സാഹനമാണ് ഷാരോണിനു നല്‍കുന്നത്. കരിപ്പൂര് ഗവ.ഹൈസ്കൂളിലെ അധ്യാപകരും വിദ്യാര്‍ത്ഥികളും വീട്ടിലെത്തി ഷാരോണിനെ അഭിനന്ദിക്കുകയും അവാര്‍ഡ് കൈമാറുകയും ചെയ്തു.ചുള്ളിമാനൂര്‍ മണിയംകോട് എസ് എസ് ഹൗസില്‍ സലോംദാസ് സതീഷ്‍കുമാറിന്റേയും,ജിഷയുടെയും മകനാണ് ഷാരോണ്‍.അനുജത്തി ഷാനയും ചിത്രകാരിയാണ്.