Saturday, 20 June 2015

വായനദിനാചരണവും കലാസാഹിത്യവേദി ഉദ്ഘാടനവും

     വായനദിനാചരണവും കലാസാഹിത്യവേദിയും
     അഭിനയ ത്രിപുരേഷ് ഉദ്ഘാടനം ചെയ്തു. സ്കൂള്‍ ലൈബ്രറിയില്‍ നിന്നും
     കഴിഞ്ഞ വര്‍ഷം   ഏറ്റവും കൂടുതല്‍ പുസ്തകം വായിച്ച ആറാംക്ലാസുകാരിയാണ് അഭിനയ    ത്രിപുരേഷ്.      ഗൗരി എന്ന വിദ്യാര്‍ത്ഥിയുടെ അമ്മ സ്കൂള്‍ലൈബ്രറിക്കു സമ്മാനിച്ച പുസ്തകങ്ങള്‍
    അസംബ്ലിയില്‍ പ്രദര്‍ശിപ്പിച്ചുകൊണ്ടാണ് അഭിനയ പ്രവര്‍ത്തനങ്ങള്‍ക്കു തുടക്കം കുറിച്ചത്.
    ഹെഡ്മിസ്ട്രസ് റസീന, സ്കൂള്‍ ഗാന്ധിദര്‍ശന്‍ ചെയര്‍മാന്‍ ബൈജു, വിദ്യാര്‍ത്ഥികളായ
    അഭിനന്ദ് എസ് അമ്പാടി, വൈഷ്ണവി, അലീന, കീര്‍ത്തി, അസ്ന, അദ്വൈത് എന്നിവര്‍
    വായനദിന സന്ദേശമവതരിപ്പിച്ചു. 'നുജൂദ് വയസ്10 വിവാഹമോചിത ' എന്ന പുസ്തകം 
    പരിചയപ്പെടുത്തിക്കൊണ്ട് റിസ്വാന കുട്ടികളെ വായനയുടെ ലോകത്തേക്കു കൊണ്ടുപോയി.
    അഭിരാമി, ശ്രീറാം, ദുര്‍ഗാ പ്രദീപ്  എന്നിവര്‍ തുടര്‍ന്ന് പുസ്തകപരിചയം നടത്തി.
    വായനദിനത്തോടനുബന്ധിച്ച് രചനാമത്സരങ്ങള്‍ നടന്നു.കുട്ടികള്‍ വായിച്ച നൂറോളം പുസ്തകങ്ങള്‍ക്ക്     കുറിപ്പു തയ്യാറാക്കി പ്രദര്‍ശനം നടത്തി. .രചന, ചിത്രരചനമത്സരങ്ങളില്‍
    വിജയികളായവര്‍ക്ക് സമ്മാനം നല്‍കി.


Wednesday, 17 June 2015

കുന്നിറങ്ങി കുളിരിലേക്ക് (മഴനടത്തം... യാത്രാനുഭവം)

വളരെ വേറിട്ടതും അവിസ്മരണീയവുമായ ഒരു യാത്രയായിരുന്നു 'ഇരിഞ്ചയം യുണൈറ്റഡ് ലൈബ്രറി സംഘടിപ്പിച്ച 'മഴനടത്തം' ഞങ്ങള്‍ 22 കുട്ടികളും മൂന്ന് അധ്യാപികമാരും ഞങ്ങളുടെ സ്കൂളില്‍ നിന്നും പങ്കെടുത്തു..വരുന്നത് കുട്ടികളാണെന്ന് അറിഞ്ഞിട്ടോ എന്തോ പ്രകൃതി ഒരു കുസൃതി കാണിച്ചു.മഴ അങ്ങോട്ടേക്ക് തിരിഞ്ഞ് നോക്കിയത്പോലുമില്ല.പക്ഷേ പ്രകൃതി ഞങ്ങള്‍ക്കായ് ഒരുപാട് വിഭവങ്ങള്‍കരുതി വച്ചിരുന്നു.രാവിലെ 9 മണിക്ക് തുടങ്ങിയ ചൂടും ബഹളവും നിറഞ്ഞ ബസ് യാത്ര  ബ്രൈമൂറിന്റെ കുളിരിലവസാനിച്ചു.വിവിധ സ്കൂളുകളില്‍ നിന്നും കുട്ടികളും അധ്യാപകരും, എഴുത്തുകാരും, നാട്ടുകാരും പങ്കെടുത്തു.ഡിസ്ട്രിക്ട് ഫോറസ്റ്റ് ഓഫീസറായ  ശ്രീ വിനോദ് ബ്രൈമൂറില്‍ നിന്ന് മങ്കയം വരെ ഒരു 'മഴക്കാല നടത്തം'ഉദ്ഘാടനം ചെയ്തു.കവയത്രി  വി എസ് ബിന്ദു റ്റീച്ചര്‍ കവിത ചൊല്ലി കാനന വഴിയില്‍ "വന ദേവത "മാരെ കണ്ടുമുട്ടാനാശംസിച്ചു.സംഘാടകരായ ഷിനു സുകുമാരന്‍ ഷിനിലാല്‍ സജിത് എന്നിവര്‍ ഈ യാത്രയുടെ പ്രാധാന്യത്തെ കുറിച്ചു പറഞ്ഞുതന്നു.പ്രകൃതിയെ അറിയുക,മണ്ണിനെ അറിയുക അതാണ് ഈ നടത്തത്തിന്റെ ഉദ്ദേശ്യം.നെടുമങ്ങാട് പോളിടെക്നിക്ക് എന്‍ എസ് എസ് യൂണിറ്റിലെ വിദ്യാര്‍ത്ഥികളും ഞങ്ങളോടൊപ്പമുണ്ടായിരുന്നു. അവരുടെ ബാനര്‍ ഫ്ലക്സിലായിരുന്നു.ഇരിഞ്ചയം ലൈബ്രറിയുടേതുപോലെ തുണിയില്‍ ചെയ്തതായിരുന്നെങ്കില്‍ നന്നായിരുന്നുവെന്നു തോന്നി.നിരയായി കൃത്യതയോടെ നടക്കുന്ന പതിവില്‍ നന്ന് ഇവിടെ ഉണ്ടായ ഒരു മാറ്റം നിരതെറ്റിയ ഞങ്ങളുടെ നടത്തം തന്നെയായിരുന്നു.എന്നാല്‍ എല്ലായിടത്തും കൃത്യമായ അച്ചടക്കവും ഉണ്ടായിരുന്നു.ബ്രൈമൂറില്‍ നിന്ന് നിശബ്ദമായി ആരംഭിച്ച യാത്ര പിന്നീട് പാട്ടും,കളിയുമായി സര്‍വ്വോല്ലാസത്തിലായിരുന്നു.മനോഹരമായ വിശാലമയ വനത്തിനു നടുവലൂടൊരു യാത്ര.അപ്രതീക്ഷിതമായി ഞങ്ങളുടെ യാത്രയില്‍ ഒരു വിരുതന്‍ സജീവ പങ്കാളിയായി,'കുളയട്ട.'ഇതിന്റെ  ആക്രമണത്തിനിടയിലും പാതയ്ക്കിരുഭാഗങ്ങളിലുമുള്ള  മനോഹാരിത നുണയാന്‍ ഞങ്ങള്‍ക്ക് പ്രയാസമുണ്ടായില്ല.ചെങ്കുത്തായ ചരിവുകളും അതി ഭയാനകമായ കൊക്കകളും വശങ്ങളില്‍ നിറഞ്ഞുനിന്നിരുന്നു. ഓര്‍മകളില്‍ മാത്രം നിറഞ്ഞു നില്‍ക്കുന്ന കളകളാരവം അവിടെ ഞങ്ങളുടെ കാതുകളെ കുളിരണിയിച്ചു.നൂറ്റാണ്ടുകളുടെ കഥകള്‍ ചൊല്ലിക്കൊണ്ട്  അരുവികള്‍ സൗമ്യമായി ഒഴുകി.യാത്രയുടെ മധ്യത്തില്‍ ഒരു പടുകൂറ്റന്‍ മല ഞങ്ങള്‍ കണ്ടു.പേരോ വിലാസമോ അറിയാത്ത ആ മല ഓര്‍മകളില്‍ കോറിയിട്ട് ‌ഞങ്ങള്‍ യാത്ര തുടര്‍ന്നു.നാടന്‍ പാട്ടുകളുടെ ഇമ്പവും താളവും യാത്രയില്‍ ഞങ്ങള്‍ക്ക് കരുത്തേകി.ഓരോ ഹെയര്‍പ്പിന്‍ വളവുകളിലും ഞങ്ങള്‍ ഒത്തുകൂടി.അധ്യാപകരും ഞങ്ങളും പിന്നെ സംഘാടകരും ചേര്‍ന്ന ആ സംഗമത്തില്‍ കരിപ്പൂര്‍ ഗവ.എച്ച്.എസ് കുട്ടികളായ ഞങ്ങള്‍ നാടന്‍ പാട്ടുകള്‍ പാടി.കവിയായ ചായം ധര്‍മരാജന്‍ കവിത ചൊല്ലി.ഓരോ സ്കൂളിനേയും പറ്റിയുള്ള അവരുടെ വിലയിരുത്തലുകള്‍ ഞങ്ങള്‍ക്ക് ആവേശമേകി.ഫല വൃക്ഷങ്ങളുടെ വിത്തുകള്‍ കരുതിയിരുന്ന ഞങ്ങള്‍ കാട്ടിലേക്ക്  ആ വിത്തുകള്‍  വലിച്ചെറിഞ്ഞു.കൂട്ടത്തില്‍ ഒന്നെങ്കിലും പൊടിക്കുമെന്നും വളര്‍ന്ന് പന്തലിക്കുമെന്നും ഞങ്ങള്‍ ആശ്വസിച്ചു.അന്ന്  അതിന് അവകാശം പറയാന്‍ ഞങ്ങളുണ്ടാവില്ലെങ്കിലും ആദ്യമായ് ഭൂമിക്കു വേണ്ടി എന്തെങ്കിലും ചെയ്തു എന്ന് ഞങ്ങള്‍ക്കു തോന്നി.പിന്നെ വഴിയില്‍ നിന്നുള്ള പ്ലാസ്റ്റിക്ക് മാലിന്യ ശേഖരണം വലിയ ഒരു യജ്ഞം തന്നെ ആയിരുന്നു.ഞങ്ങളെല്ലാവരും ചേര്‍ന്ന് കുറച്ച് ദിവസത്തേക്കെങ്കിലും അവിടം സുന്ദരമാക്കി.ആകാശത്ത് അപ്പോള്‍ ഒരു കാര്‍മേഘം വന്നെത്തി നോക്കിയതായി കണ്ടു.പക്ഷേ മഴയായി താഴേക്ക് പതിച്ചില്ല.വഴിവക്കില്‍ കണ്ടുമറന്നതും കണ്ടിട്ടില്ലാത്തതുമായ ഒരുപാട് തരം ചെടികള്‍ കണ്ടു.                                                         പല ഹെയര്‍പിന്ന് വളവുകളും അവിടെയെല്ലാം നമ്മുടെ നാടന്‍ പാട്ടുകളും കഴിഞ്ഞ് മങ്കയത്തിന്റെ കുളിരിലേക്ക് ഞങ്ങള്‍ ഊര്‍ന്നിറ‌ങ്ങി.പിന്നെ അവിടത്തെ പാറക്കെട്ടുകളില്‍ ചിന്നിയും ചിതറിയും ഇരുന്ന് ഞങ്ങള്‍ ഭക്ഷണം കഴിച്ചു.ശേഷം മങ്കയത്തിന്റെ ഹൃദയത്തിലേക്ക്.വെള്ളച്ചാട്ടത്തിന്റെ ആര്‍ത്തിരമ്പലിനും കുട്ടികളുടെ ആവേശ മേളത്തിനുമിടയില്‍ മണിക്കൂറുകള്‍.ശരീരത്തെ മൊത്തം ശുദ്ധമാക്കുന്ന തണുത്തു തെളിഞ്ഞ കണ്ണീര്‍ ജലം.ചുഴികളുടെ ഭയാനകതയില്ലാത്ത കാട്ടാറുമായി ഒരു സായാഹ്ന സല്ലാപം.കുതിച്ചൊഴുകിയെത്തുന്ന ജലധാരയില്‍ ആണ്‍കുട്ടികള്‍ ആര്‍ത്തുരസിച്ചു.ഞങ്ങളതില്‍ കൈകാലുകളിളക്കി രസിച്ചു. പിന്നെ  മനസ്സില്ലാ മനസ്സോടെ കരക്കു കയറിയ ഞങ്ങള്‍ അത്ഭുതസബ്ധരായി നിന്നത് ഡോ.കമറുദീന്‍ സാറിന്റെ വര്‍ത്തമാനത്തിനു മുന്നിലാണ്.ബസ് ബോര്‍ഡുകളിലും പുസ്തകങ്ങളിലും കണ്ടുമറന്ന പെരിങ്ങമല എന്നത് ഒരു  സ്ഥലപ്പേരു മാത്രമല്ലെന്നും വളരെ പരിസ്ഥിതി പ്രാധാന്യമുള്ള സ്ഥലമാണെന്നും മനസിലായി. നേരത്തെ കണ്ടു കടന്നുവന്ന മല വരയാട്മുടി യാണെന്നുമറിഞ്ഞു.അതിന്റെ താഴ്വരയിലാണ് നാമിപ്പോളെന്ന് സാര്‍ പറഞ്ഞപ്പോള്‍ വല്ലാത്ത ഒരു അഭിമാന ബോധം.ഇരവിപുരത്തേക്കാള്‍ വരയാടുകള്‍ കൂടുതല്‍ ഇവിടെയാണുള്ളതെന്നു അദ്ദേഹം പറഞ്ഞു. വരയാടുകളുള്ള വരയാട്മുടി ഞങ്ങള്‍ക്ക് അങ്ങനെ അത്ഭുതമായി മാറി.അപൂര്‍വ്വമായ ഔഷധസസ്യങ്ങളുള്ള പ്രദേശമാണ് ഇതിന്റെ താഴ്വാരം.യാത്രികയും എഴുത്തുകാരിയുമായ രാജനന്ദിനി ശേഖരിച്ച ചെടികള്‍ ഒന്നൊന്നായി എന്തൊക്കെയാണ് കമറുദ്ദീന്‍ സാര്‍ പറഞ്ഞു തന്നു.ഞങ്ങളോരോരുത്തരും യാത്രാനുഭവം പങ്കുവച്ചു. കേട്ടുമാത്രം പരിചയമുള്ളതും കണ്ടിട്ടില്ലാത്തതുമായ പലതരം ചെടികള്‍,കാടിന്റെ മനോഹരിതയില്‍ സ്വൈര്യജീവിതം നയിക്കുന്ന പക്ഷികള്‍,ജന്തുജാലങ്ങള്‍.ഭൂമി...പ്രകൃതി മരിച്ചിട്ടില്ല മരിക്കുകയുമില്ല എന്നു  ആദ്യമായി തോന്നി.സാന്നിധ്യമറിയിച്ച വന്‍മലകള്‍,പാറകളില്‍ തൊട്ടുരുമ്മി കിന്നാരം പറയുന്ന നദികള്‍ ,ഇരുണ്ട പച്ചപ്പ് അങ്ങനെ മഴയ്ക്ക് പകരം പ്രകൃതി ഞങ്ങള്‍ക്ക് കരുതിവച്ച  സമ്മാനങ്ങള്‍ ....മഴയുടെ ശേഷിപ്പുകള്‍!ഇങ്ങനെയൊരു യാത്ര ഞങ്ങള്‍ക്ക് പുതിയൊരനുഭവം!


ഗോപികയും കൂട്ടുകാരും
ഗവ.എച്ച്.എസ് കരിപ്പൂര്
നെടുമങ്ങാട്.

 

തന്നാലായതു പോലെ ചില അണ്ണാന്‍കുഞ്ഞുങ്ങള്‍

'സേവന 8c'കരിപ്പൂര്‍ സ്കൂളിലെ  8c-ലെ കുട്ടികള്‍ രൂപം നല്‍കിയ പദ്ധതി.ജീവകാരുണ്യ പ്രവര്‍ത്തനം അതാണ് ഞങ്ങളുദ്ദേശിക്കുന്നത് എല്ലാവരുടേയും നിര്‍ദേശപ്രകാരം ഞങ്ങള്‍ 'സേവന 8c' എന്ന പേരിട്ടു.10/6/2015 ബുധനാഴ്ച്ച  ബൈജു സാറിന്റെയും ജാസ്മിന്‍ ടീച്ചറുടേയും നേതൃതത്തില്‍ രൂപീകരിച്ച ഈ പദ്ധതി  ഹെഡ് മിസ്ട്രസ്  റസീന റ്റീച്ചര്‍   ഉത്ഘാടനം ചെയ്തു. രേവതി  പൂജ  സാന്ദ്ര  അതുല്യ എന്നിവരാണ് കുട്ടികള്‍ക്കു നേതൃത്വം നല്‍കുന്നത്. സ്കൂളിലെ പൊതുപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുക സ്കൂളിലെ പാവപ്പെട്ട കുട്ടികളെ സഹായിക്കുക എന്നതാണ് 'സേവന'.
                                   ഇന്ന്  ചൊവ്വാഴ്ച്ച ഇതിന്റെ ആദ്യപ്രവര്‍ത്തനമായി അസംബ്ലിയില്‍ കുട്ടികള്‍ക്ക് പഠനോപകരണങ്ങള്‍ നല്‍കുകയും ചെയ്തു.ക്ലാസിലെ എല്ലാക്കുട്ടികളുടേയും  പങ്കാളിത്തവും ഈപ്രവര്‍ത്തനത്തില്‍ ഉണ്ടായിരുന്നു.ഞങ്ങളുടെ സ്കൂളില്‍ ഇന്ന് മലയാള മനോരമ പത്രം സ്പോണ്സര്‍ ചെയ്യാന്‍ വന്ന   പേരിനാട് ടൈല്‍സ് പാലസ് മാനേജര്‍  ശ്രീ ഷംനാദ് ഞങ്ങളുടെ 'സേവന'ക്ക് സഹായം നല്‍കി.സ്കൂളിലെ എല്ലാ കുട്ടികളുടേയും സഹായത്തോടെ ഈ പരിപാടി നന്നായി മുന്നോട്ടുകൊണ്ടുപോകാനാണ് ഞങ്ങളാഗ്രഹിക്കുന്നത്.

                                                      പൂജ  -8c

Saturday, 6 June 2015

പരിസ്ഥിതി ദീനാചരണം


ഞങ്ങളുടെ സ്കൂളില്‍ പരിസ്ഥിതി ദിനാചരണം നടന്നു.സ്കൂള്‍ അസംമ്പ്ളിയില്‍ പ്രണവ് പരിസ്ഥിതിദിന പ്രതിജ്ഞ ചൊല്ലി.പ്രഥമാധ്യാപിക റസീന,വിദ്യാര്‍ത്ഥികളായ  പാര്‍വ്വതി, വിഷ്ണുപ്രിയ, അഭിനന്ദ് എസ് അമ്പാടി തുടങ്ങിയവര്‍ പരിസ്ഥിതിദിന സന്ദേശങ്ങളവതരിപ്പിച്ചു.ഈ വര്‍ഷത്തെ പരിസ്ഥിതിദിന ലോഗോ, മുദ്രാവാക്യം എന്നിവ അഖില്‍ പി പരിചയപ്പെടുത്തി.പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയായ അജിയ പരിസ്ഥിതി ദിനത്തില്‍ തന്റെ പിറന്നാളാഘോഷിച്ചത് വിദ്യാലയമുറ്റത്തിന് ഒരു  പൂച്ചട്ടിയും മുല്ലത്തൈയും സമ്മാനിച്ചുകൊണ്ടാണ്.ഓരോ കുട്ടിയും ജന്മദിനത്തില്‍  അജിയയുടെ മാതൃക  മാതൃക പിന്‍തുടരാന്‍ തീരുമാനിച്ചു.കേരളശാസ്ത്രസാഹിത്യപരിഷത്ത് നെടുമങ്ങാട് യൂണിറ്റിലെ ഹരികൃഷ്ണന്‍ കുട്ടികള്‍ക്ക് ക്ലാസെടുത്തു.പരിസ്ഥിതി ദിനത്തിന്റെ ഭാഗമായി എല്‍ പി, യു പി ,എച്ച് എസ്  വിഭാഗം കുട്ടികള്‍ക്കായി ചിത്രരചനാ മത്സരവും നടന്നു.
പ്രവേശനോത്സവം -2015