Wednesday 24 July 2013

SK പൊറ്റെക്കാട്ടിന്റെ നൂറാം ജന്മവാര്‍ഷികത്തില്‍ മധുരം തുളുമ്പുന്ന ഒരു യാത്രാക്കുറിപ്പ്.


''മനം കുളിരും യാത്ര''
 
അലാറത്തിന്റെ വിളി കേട്ടാണ് ഉണര്‍ന്നത്.
എന്നും ശല്ല്യമായി തോന്നുന്ന അതിന്റെ ശബ്ദം ഇന്ന്
മധുരാമയി തോന്നി.ഇന്നലെ മുതലേ പെട്ടെന്നു നേരം
വെളുക്കാന്‍ പ്രാര്‍ത്ഥിക്കുകയായിരുന്നു ഞാന്‍.ഇന്ന്
ഉത്സാഹതിമര്‍പ്പിന്റെ യാത്രാവേളകളാണ്.അധികം
അകലെയല്ല,കടല്‍പ്പുറം കണ്ടു നടക്കാന്‍ ഒരു
സുവര്‍ണാവസരം.കന്യാകുമാരി വരെയാണ് യാത്ര.
രാവിലെ കുപ്പിയും കെട്ടുമൊക്കെയായിട്ട് നടന്നു.
സന്തോഷത്തില്‍ എല്ലാവരുടെയും മുഖത്ത് സന്തോഷം
അല തല്ലുകയാണെന്നു തോന്നി,സ്കൂള്‍ ഗേറ്റിനു മുന്നിലെത്തി
സംസാരിച്ചും കളിച്ചും ചിരിച്ചും കുട്ടികള്‍ ഗോള്‍ഡ് സിറ്റി
എന്ന ബസ്സില്‍ യാത്രയായി.വള്ളികളില്‍ തട്ടിത്തലോടി
അലസമായി നീങ്ങുന്ന കാറ്റ്.ഒന്നു പറയട്ടെ,ഞാനും
വിദ്യയും അനന്യയും ഉണ്ടായിരുന്നു ആ
വിനോദയാത്രയ്ക്ക്.പാലരുവിയിലേക്കു പോകാമെന്നു
അധ്യാപകര്‍ പറഞ്ഞു.പാലൊഴുകുന്ന നദി,ഹൊ...എന്തു
രസമായിരിക്കും!പാലരുവി നേരിട്ടു കണ്ടിട്ടില്ലാത്ത ഞാന്‍
അത്ഭുതം പ്രകടിപ്പിച്ചു.വണ്ടി ഇളംകാറ്റേറ്റ് മയങ്ങി
നില്‍ക്കുന്ന ആ സുന്ദരഭൂമിയിലെത്തി.ഇളംകാറ്റ്,
മേനിയില്‍ ഉമ്മ വയ്ക്കുന്ന സൂര്യന്‍ നന്നേ തെളിഞ്ഞിരുന്നു.
അധികം പ്രകാശമില്ല.ഏതാണ്ട് ഒരു ഒമ്പതു മണിയായെന്നു
മനസ്സിലായി.ആ കുളിര്‍ക്കാഴ്ച അതാ എന്റെ മുന്നില്‍
പ്രത്യക്ഷമാകുന്നു.പാലൊഴുകുന്നില്ലെങ്കിലും പാല്‍പ്പുഞ്ചിരി
തൂകുന്നു.പാദസ്വരം കിലുക്കി കുലുങ്ങി ചിരിച്ചു കൊണ്ട്
വെള്ളച്ചാട്ടം.അതിനടുത്തായി ഒരു കൂറ്റന്‍ പടിക്കെട്ടു കണ്ടു.
അതു വഴി ഞങ്ങള്‍ കുറേ കയറി.ആ വെള്ളച്ചാട്ടം അടുത്തു
കാണുന്ന ആ മാന്ത്രികനിമിഷം മറക്കാനാകില്ല.ശക്തമായ
കാറ്റ് എന്നെ പേടിപ്പെടുത്തി.പാലരുവി എന്ന ആ
വെള്ളച്ചാട്ടം ഒരു നോക്കെന്നല്ല ഒരുപാട് നേരെ കണ്ട്
ആസ്വദിച്ചു എന്ന സന്തോഷത്താല്‍ അവിടെ നിന്ന് വണ്ടി
കയറി നേരെ കന്യാകുമാരി.കന്യാകുമാരി കടല്‍പ്പുറം എന്നു
കേട്ടിട്ടുണ്ട്,കണ്ടിട്ടില്ല.വണ്ടി നേരെ കന്യാകുമാരിയിലേക്ക്.
വഴിയില്‍ ഉച്ചയൂണിനു ഇറങ്ങിയിരുന്നു.ഒടുവില്‍
കന്യാകുമാരിയിലെത്തി.വിശാലമായി പരന്നു കിടക്കുന്ന
കടല്‍.''Where did you come?''ഒരു സായിപ്പാണു കേട്ടോ.
''I am coming from nedumangadu'' എന്നു വാക്കുകള്‍
നുള്ളിപ്പെറുക്കി ഒപ്പിച്ചു.





 ആ വിശാലമായ കടലില്‍
ആര്‍ത്തിരമ്പി വരുന്ന തിരമാലകളെപ്പോലെ കുട്ടികള്‍.
കുട്ടികളും തിരമാലയും ഏറ്റുമുട്ടി.മണല്‍ത്തരികളില്‍
കടലമ്മ തോറ്റു എന്ന വാക്യം ഒരിക്കല്‍ കൂടി
ആവര്‍ത്തിക്കപ്പെട്ടു.ഷോപ്പിങ്ങിനൊരുങ്ങിയ ഞങ്ങള്‍
താഴെ വീണ മുത്തുകള്‍ പോലെ ചിതറി ഓരോ കടയ്ക്കു
മുന്നിലെത്തി.ഓരോരുത്തരും വണ്ടിയില്‍ കയറി.രാവിലെ
സൂര്യഭഗവാന്റെ വരവേല്‍പ്പിലാണ് വന്നതെങ്കില്‍ ചന്ദ്രന്റെ
ആശീര്‍വാദത്തോടെയാണ് മടക്കയാത്ര.ശാന്തമായി
ഉറങ്ങുന്ന രാത്രിയില്‍ വണ്ടിയില്‍ ഓരോരുത്തരും
നിശബ്ദരായി.ഞങ്ങള്‍ കുറച്ചു പേര്‍ ഉണര്‍ന്നിരുന്നു.
'നന്ദി വീണ്ടും വരിക'എന്ന അവസാനത്തെ ബോര്‍ഡും
കണ്ട് ഞങ്ങള്‍ സ്കൂളിലെത്തി,പിന്നെ വീടുകളിലും.രാവിലെ
വീണ്ടും അലാറം മുഴങ്ങി.ശല്ല്യം,ഉറങ്ങാന്‍ സമ്മതിക്കില്ല.
Gopika.P.M
8A

No comments:

Post a Comment