Friday, 19 July 2019

മഴനടത്തം


കാടറിവ് ...മഴനടത്തം
'മഴനടത്തം' എന്ന പ്രകൃതി പഠനയാത്ര എന്റെ മനസ്സില്‍ എന്നുമെന്നും തുടിക്കുന്ന ഒരു യാത്രയായി. കാരണം പ്രകൃതിയുടെ പ്രാധാന്യം അധ്യാപകരില്‍ നിന്നുപരി മഴനടത്തിലൂടെ ഞാന്‍ നേരിട്ടു ആഴത്തില്‍ അറിഞ്ഞു. അതുപോലെത്തന്നെ പ്രകൃതിയുടെ കാവല്‍ഭടന്മാരായ .....വനജനങ്ങളെ മനസ്സിലാക്കാനും കഴിഞ്ഞു. പേപ്പാറയില്‍ നിന്നും പൊടിയക്കാലവരെയായിരുന്നു ഞങ്ങളുടെ യാത്ര.സ്കൂളില്‍ നിന്നും ബസിലാണ് ഞങ്ങള്‍ പേപ്പാറയിലെത്തിയത്.അവിടെ ബാലചന്ദ്രന്‍ സാറും ഇരിഞ്ചയം ലൈബ്രറിയുടെ പ്രവര്‍ത്തകരും ഊരു മൂപ്പന്‍ ശ്രീകുമാറും സംസാരിച്ചു. ‍ പ്രകൃതി മനുഷ്യന്റെ പാതി ജീവനാണെന്ന് അവരിലൂടെ ഞാന്‍ അറിഞ്ഞു. ഓര്‍മ്മയില്‍ സൂക്ഷിക്കാന്‍ പ്രാധാനപ്പെട്ട ഒരു കാഴ്ചയായിരുന്നു നെല്ലിക്കാംപാറയിലെ ഒരു ചെറിയ കാവ്. ആ കാഴ്ച എന്നെ പ്രാചീനകാലത്തേക്ക് കൊണ്ടുപോയി. വനത്തിലെ ഏകനായി നില്‍ക്കുന്ന പാറയില്‍ പരന്ന പാറകള്‍ കൊണ്ട് അണിഞ്ഞൊരുക്കിയ കാവ്. വൃക്ഷങ്ങള്‍ ...ചുറ്റും മൂകമായിരിക്കുന്നു. പക്ഷികളുടെ സംഗീതം.. കാറ്റിന്റെ കുളിര്‍മ വെയിലിന്റെ തീവ്രത മറന്നുപോകുന്നു. എന്നെ അത് സമാധാനത്തിന്റേയും ശാന്തതയുടേയും ലോകത്തേക്ക് കൊണ്ട്പോയി. ഞാന്‍ കൂട്ടുകാരുടെ ചലപില ശബ്ദത്താലാണ് ഉണര്‍ന്നത്.അതിനു ശേഷം പൊടിയക്കാലയിലെ മൂപ്പനായ ശ്രീകുമാര്‍ മൂപ്പന്‍ അവരുടെ ആചാരത്തിലേക്ക് ഞങ്ങളെ കൂട്ടിക്കൊണ്ടുപോയി. ഈ കാവിലെ പ്രതിഷ്ഠ ആയമുത്തനും, നാണുമുത്തനും ആണെന്നും അവര്‍ക്ക് ഓരോ മലയ്ക്കും ഓരോ ദൈവമുണ്ടന്നും പറഞ്ഞു.കൂടാതെ ഇവിടെ ഉപയോഗിക്കുന്ന ഭസ്മം ഒരു ഊരുവാസിയുടെ മുറ്റത്തു വിറകരിച്ച് അതിന്റെ ചാരം ഭസ്മമായി എടുക്കുന്നു. ഇത് ഊരുവാസികളില്‍ പനിവന്നാല്‍ കാവില്‍നിന്ന് ഭസ്മം പൂജിച്ച് ഉഴിഞ്ഞ് തലയിലിടുന്നു. ആഴ്ചയില്‍ ഒരു ദിവസം കുറഞ്ഞ ചെലവില്‍ അവരുടെ വിഭാഗം ഇവിടെ പൂജനടത്തും എന്നു ഊരുമൂപ്പന്‍ പറഞ്ഞു.
അപ്പോഴും ഞങ്ങളുടെ മനസ്സ് പ്രകൃതിയില്‍ തന്നെയായിരുന്നു. ഊരുമൂപ്പന്റെ അമ്മ പരപ്പ് അവിടെ ഉണ്ടായിരുന്നു.അവര്‍ ഒരു വൈദ്യത്തിയാണെന്ന് ഞങ്ങള്‍ അപ്പോഴാണ് അറിഞ്ഞത്. 1980-ല്‍ ഇവിടെ എത്തിയ പരപ്പ് ഇപ്പോഴും കാടിന്റെ സ്നേഹമറിയുന്നു. പക്ഷെ അതിനുമുമ്പ് ഇവര്‍ ഇവിടെയല്ലായിരുന്നു. ഡാം കെട്ടിയ സ്ഥലത്തായിരുന്നു. ഡാം കെട്ടുന്നതിനു വേണ്ടിഇവരടങ്ങുന്ന കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിക്കുകയായിരുന്നു.ഇവര്‍ക്ക് 5 ഏക്കര്‍ സ്ഥലവും ജോലിയും കറണ്ടും നല്‍കുമെന്ന് വാഗ്ദാനം നല്‍കി ഒഴിപ്പിച്ചു. എന്നാല്‍ ഇവര്‍ക്ക് കറണ്ട് ലഭ്യമായിരുന്നില്ല. എന്നാല്‍ ഇവര്‍ സമരം ചെയ്താണ് വര്‍ഷങ്ങള്‍ക്കു ശേഷം കറണ്ട് ലഭിച്ചത്.
. മഴനടത്തം കാട്ടിലൂടെ ഞങ്ങള്‍ നടന്നു. ഊരുമൂപ്പന്‍ മഴനടത്തത്തിനുമുമ്പ് ഒരു കാര്യം സൂചിപ്പിച്ചു. പുതിയ ഒറ്റയാന്‍ ഇറങ്ങിയെന്ന് അതെന്റെ മനസ്സിലൊരു മിടിപ്പുണ്ടാക്കി. എന്നാല്‍ ഊരുമൂപ്പന്‍ കരുതലിനുണ്ട്. കൂടാതെ വനമാതാവും കൂടെയുള്ളതുകൊണ്ട് ഞാന്‍ അത് കാര്യമാക്കാതെ പ്രകൃതിസൗന്ദര്യം ആസ്വദിച്ചു നടന്നു.കാടിന്റെ ഉള്ളറയില്‍ ഞങ്ങള്‍ എത്തി. അതായത് ഊര് മൂപ്പന്റെ സ്ഥലമായ പൊടിയക്കാലയില്‍. അഗസ്ത്യമലയുടെ അടിവാരത്ത് വസിക്കുന്ന ഇവര്‍ പ്രകൃതിയുടെ സംരക്ഷണത്താല്‍ ജീവിക്കുന്നു. പ്രകൃതിക്കു വിരുദ്ധമായ ഒരു പ്രവൃത്തിയും ഇവര്‍ ചെയ്യുകയില്ല. മുന്‍കാല ശൈലിയിലെ ചില ശേഷിപ്പുകള്‍ അവര്‍ ഇപ്പോഴും സൂക്ഷിക്കുന്നുണ്ടായിരുന്നു. ഇത് അവരോട് കൂടുതല്‍ അടുക്കാനും സഹകരിക്കാനും എനിക്ക് തോന്നി.
ഊരിലെ സാമൂഹ്യപഠനകേന്ദ്രത്തില്‍ ഞങ്ങളെല്ലാംഎത്തിച്ചേര്‍ന്നപ്പോ അവിടെ നിന്ന് ഒരു കുരുന്നിന്റെ നാടന്‍പാട്ട് കേള്‍ക്കുകയുണ്ടായി. ഇവിടത്തെ കുട്ടികളുടെ വിദ്യാഭ്യാസം ഏറെക്കാലത്തിനുമുമ്പ് ദയനീയ അവസ്ഥയിലായിരുന്നു. കിലോമീറ്ററുകള്‍ നടന്നെത്തിയാണ് കുട്ടികള്‍ സ്കൂളില്‍ എത്തിയത്.ഇതിലെ ഒരു കൊച്ചുമിടുക്കന്‍ തന്റെ ബന്ധുവിന്റെ സ്ഥലമായ പന്നിക്കുഴിയിലെ മീനാങ്കലില്‍ ചെന്നാണ് പത്രം വായിച്ചിരുന്നത്. ഇതൊക്കെ കേട്ടപ്പോള്‍ പ്രകൃതിയുടെ ചൂഷണത്തോടൊപ്പം ആദിവാസി ചൂഷണവും ഞാന്‍ മനസ്സിലാക്കി. മൂപ്പന്റെ അമ്മയായ പരപ്പ് പതിനഞ്ച് മക്കളെ പ്രസവിച്ച അമ്മയാണ്. പ്രസവകാലത്തെ ഇവരുടെ പോഷക ആഹാരം തേങ്ങ, മഞ്ഞള്‍, കാന്താരിമുളക് അരകല്ലില്‍ അരച്ചതായിരുന്നു. പരപ്പിന്റെ കാലത്ത് ദാരിദ്ര്യവും പട്ടിണിയും രൂക്ഷമായിരുന്നു. ഇവരുടെ പരമ്പരാഗത വിനോദമാണ് വേട്ടയാടല്‍. പെരുച്ചാഴി, എലി, മരയണ്ണാന്‍ എന്നിവയെയാണ് അവരുടെ ഇരകള്‍. അതിനുശേഷം ഞങ്ങള്‍ അവരുടെ ഊര് ചുറ്റിക്കാണാന്‍ ഇടയായി.
അവിടെ ആകെ എണ്‍‍പതില്‍പരം ഭവനങ്ങള്‍ ഉള്ളതായി ഞങ്ങളറിഞ്ഞു. വീടുകള്‍ സന്ദര്‍ശിക്കാന്‍ സാധിച്ചില്ലെങ്കിലും അവിടത്തെ പ്രകൃതിഭംഗി ആസ്വദിക്കാന്‍ എനിക്കു സാധിച്ചു. എന്നാല്‍ അവിടുത്തെ പേടിസ്വപ്നമായിരുന്ന കൊലക്കൊല്ലി ‍ എന്ന ഒറ്റയാന്‍ പല ഊരിലെ കുടിലുകള്‍ ‍ നശിപ്പിച്ചിരുന്നു.എന്നാല്‍ നെല്ലിക്കാംപാറയില്‍ ഇതിനെ തളക്കുകയുണ്ടായി എന്നും അവരിലൂടെ ഞാന്‍ അറിഞ്ഞു. മഴനടത്തം പ്രകൃതിയുടെ കുഞ്ഞുകുഞ്ഞു പ്രത്യേകതകള്‍ മനസ്സിലാക്കാനുള്ളതാണെന്ന് ഞാന്‍ ശരിക്കും അറിഞ്ഞു. ഈ യാത്രയൊരുക്കിയ ഇരിഞ്ചയം യുണൈറ്റഡ്‍ലൈബ്രറിക്ക് ഞങ്ങളുടെ സ്നേഹം.

ഗോകുല്‍ എസ് 
ക്ലാസ്  പത്ത് എ 








No comments:

Post a Comment